അല്ലാഹുവിനായി ചരിത്രത്തിനായി ; ഒരു വ്യാജപുസ്തകം മൊഴിമാറി വന്നപ്പോൾ
എത്ര സമർത്ഥമായ് മറച്ചുപിടിച്ചാച്ചാലും ഏതൊരു കളവിലും എന്തെങ്കിലുമൊക്കെ തെളിവുകൾ ബാക്കിനിൽകും , സത്യാന്വേഷികൾക് വേണ്ടി അല്ലാഹു തുറന്നിടുന്ന വാതിലുകളാണവ , അന്വേഷണ ബുദ്ധിയുള്ളവർ അതിലൂടെ യഥാസമയം സത്യം മനസിലാക്കുകയും ചെയ്യുന്നു. ഇവിടെയും സംഭവിച്ചത് മറ്റൊന്നുമല്ല ,
ഇമാം ഖുമൈനിയെപ്പോലെ ,ഒരു പ്രമുഖ ഷിയാ പണ്ഡിതനെ വ്യക്തിഹത്യ ചെയ്യുവാനും ഷിയാ സരണിയെക്കുറിച്ച് അപകീര്‍ത്തി പരത്തുവാനും വേണ്ടി ഇല്ലാത്ത ഷിയാ പണ്ഡിതന്റെ പേരിൽ ഒരു പുസ്‌തകം കെട്ടിയുണ്ടാക്കിയപ്പോൾ അത് അബദ്ധങ്ങളുടെ കലവറയായ് മാറുകയായിരുന്നു , ഈ കൃതൃമം ഉലമാക്കൾ കയ്യോടെ പിടിക്കുകയും പുസ്‌തകത്തിന്റെ വ്യാജ രചയിതാവിനെ സംബന്ധിച്ചും പുസ്‌തകത്തിലെ വ്യാജാരോപണങ്ങളെ സംബന്ധിച്ചും അക്കമിട്ടുള്ള ഖണ്ഡങ്ങളുമായ് മുന്നോട്ടു വരികയുമുണ്ടായി , പുറത്തിറങ്ങിയപ്പോൾ തന്നെ പുസ്തകത്തെ ഉത്സാഹപൂര്‍വ്വം ആഘോഷിച്ച അറബ് ലോകത്തെ ഷിയാവിരുദ്ധ കേന്ദ്രങ്ങൾ ഇവരുടെ ഖണ്ഡനങ്ങൾക് മുന്നിൽ അടിയറവ് പറയുകയും ചെയ്തു , എങ്കിലും കാര്യമായ
ഷിയാ സാന്നിധ്യമോ , ഖണ്ഡനത്തിനുള്ള സാധ്യതകളോ ഇല്ലാത്ത ഇടങ്ങൾ തോറും ഷിയാ വിരോധം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഈ പുസ്‌തകം ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു , ആഗോളതലത്തിൽ തന്നെ സലഫിസ്റ്റു കേന്ദ്രങ്ങൾ നടത്തിപ്പോരുന്ന ഇത്തരം ഷിയാവിരുദ്ധ പ്രാചാരവേലകളുടെ ഭാഗമാണ് ഇതിന്റെ മലയാളത്തിലേക്കുള്ള മൊഴിമാറ്റവും .
'അല്ലാഹുവിനായി ചരിത്രത്തിനായി' എന്ന പേരില്‍ ശംസുദ്ധീന്‍ പാലത്ത് രചിച്ച പരിഭാഷയുടെ പ്രസാദനം നിര്‍വ്വഹിച്ചിട്ടുള്ളത് 'അഹ്ലുസുന്നഃ' എന്ന സലഫിസ്‌റ്റ് പ്രസാദകരാണ് ,
ഷിയാഫോബിയ പരത്തുന്നതിനായ് നിര്‍ണ്ണിത കേന്ദ്രങ്ങള്‍ ഈ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ മലയാളി മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായ് പ്രചരിപ്പിക്കുന്നത് കാണാം , അതിലൊന്നാണ് ചുവടെ ചേർത്തിരിക്കുന്നത് ...
എന്തുകൊണ്ട് തള്ളിക്കളയേണ്ടി വരുന്നു...?
ശീഇസം ഉപേക്ഷിച്ച ശിയാ പണ്ഡിതന്‍റെ ആത്മനിരൂപണം എന്നവണ്ണം അറബിഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള ഈ പുസ്‌തകത്തില്‍ ഉൾകൊള്ളുന്ന കാര്യങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം.
ഒന്ന് രചയിതാവായ പണ്ഡിതന്റെ ജീവിതാനുഭവങ്ങളാണ് രണ്ടാമത്തേത് അദ്ദേഹം ഷിയാ സ്രോതസ്സുകളിൽ നിന്നും ഉദ്ധരിച്ച് പറയുന്നതും അതിൽ അദ്ദേഹം നൽകുന്ന വ്യാഖാനങ്ങളും അനുമാനങ്ങളും , ചുരുക്കി പറഞ്ഞാൽ രചയിതാവ് അദ്ദേഹത്തെ കുറിച്ച് തന്നെ പറയുന്ന കാര്യങ്ങളും പിന്നെ അദ്ദേഹം ഷിയാക്കളെ കുറിച്ച് പറയുന്ന കാര്യങ്ങളും , ഇത് രണ്ടുമാണ് നൂറ്റിപത്തിൽ പരം പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്‌തകത്തിന്റെ ഉള്ളടക്കം .
ഇവിടെ ഒന്നാമതായി പരിശോധിക്കപ്പെടേണ്ടത് രചയിതാവ് തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളും നൽകുന്ന വിവരങ്ങളുമാണ് , അവ സത്യസന്ധമാണെങ്കിൽ മാത്രമേ പുസ്‌തകത്തിന്റെ വിശ്വാസ്യത നിലനിൽക്കുകയുള്ളു , ഇല്ല എങ്കിൽ അന്യരെ വലിച്ചിഴച്ചുകൊണ്ടും അപകീർത്തിപ്പെടുത്തിക്കൊണ്ടും തന്റെ ജീവിതാനുഭവങ്ങളെന്നവണ്ണം രചയിതാവ് ഉന്നയിക്കുന്ന സകലതും പരദൂഷണങ്ങളും വ്യാജങ്ങളുമാണെന്ന് വരും , ഒരാൾക്കു സ്വന്തത്തെ കുറിച്ച് തന്നെയും സത്യം പറയുവാൻ കഴിയുന്നില്ല എങ്കിൽ അയാൾ മറ്റുള്ളവരെ കുറിച്ച് സത്യം മാത്രം പറയുന്നവൻ ആണെന്ന് നമുക്കെങ്ങനെ കരുതാനാകും .....? ?
രചയിതാവ് ജീവിച്ചിരുന്ന ഒരു വ്യക്‌തിയേ അല്ല!
ഷിയാക്കൾക്കിടയില്‍ സർവ്വസാധാരണമായിട്ടുള്ള പേര് തന്നെയാണ് രചയിതാവിനു നൽകിയിട്ടുള്ളത് 'ആയത്തുല്ലാഹ് ഹുസ്സൈൻ മൂസവി ' മതകാര്യങ്ങളിൽ ശിയാക്കൾ തഖ്‌ലീദ് ചെയുന്ന ഉന്നത പണ്ഡിതസ്ഥാനികളെയാണ് ആയത്തുല്ലാഹ് എന്ന വിശേഷണം കൊണ്ട് വിളിക്കപ്പെടുന്നത് , ഇമാം മൂസ ഖാസിമിലൂടെയുള്ള നബി പരമ്പരക്കാണ് മൂസവി എന്ന സർനെയിം ഉള്ളത് , ബാഗ്ദാദ് നഗരത്തിലെയോ നജഫിലേയോ കൂഫയിലെയോ പത്ത് ആണുങ്ങളെ ഒരുമിച്ച് കൂട്ടിയാൽ തന്നെ അവരിൽ പകുതിയും നാമത്തിലോ പിതൃനാമത്തിലോ ഹുസൈനോ അലിയോ ഒക്കെ തന്നെയായിരിക്കും , മൂസവിമാരും അവിടെ ധാരാളമുണ്ട് , എന്നാൽ ഒരു ആയത്തുല്ലായെ കണ്ടെത്തുക ഇത്ര എളുപ്പമായിരിക്കില്ല . വിശ്വസ്‌ഥ ഗുരുപരമ്പരയിൽ സന്ധിക്കുന്ന ആത്മീയ പാരമ്പര്യമുള്ള ഒരു ഗുരുനാഥനിൽ നിന്നും ഇജ്ത്തിഹാദിനുള്ള ഇജാസത്ത് പര്യസമായ് തന്നെ (അനുവാദം) നേടുന്ന പണ്ഡിതന്‍റെ സ്ഥാനപ്പേരാണ് ആയത്തുല്ലാഹ് , കര്‍മ്മശാസ്ത്രപരവും ആശയപരവുമായ അറിവുകളുടെ തികവെന്നവണ്ണമാണ് ആയത്തുല്ലാഹ് സ്ഥാനം ഷിയാക്കൾക്കിടയില്‍ പരിഗണിക്കപ്പെടുന്നത് , പ്രമാണങ്ങളില്‍ ഗവേഷണം ചെയ്ത് ഇജ്തിഹാദിലൂടെ വിശ്വാസികളെ വഴിനടത്താന്‍ ജനങ്ങള്‍കിടയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഔദ്യോതിക ചുമതകൂടിയാണ് ആയത്തുല്ലാഹ് സ്ഥാനം , ഇത് കൊണ്ടുതന്നെ ആയത്തുല്ലാമാരായ പണ്ഡിതര്‍ പൊതുവെ എണ്ണത്തിൽ കുറവായിരിക്കും.
ആയത്തുല്ലാഹ് സയ്യിദ് ഹുസെെന്‍ മൂസവി
ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്നിട്ടില്ല, ഇങ്ങനെ ഒരു ആയത്തുല്ലായെ കുറിച്ച് ഇറാഖില്‍ ആര്‍കും തന്നെ അറിയില്ല , ഇയ്യാളുടെ മേല്‍വിലാസമോ കുടുംബമോ ആത്മപ്രകാശനം എന്നവണ്ണം എഴുതപ്പെട്ട നൂറില്‍ പരം പേജുകള്‍ മാത്രമുള്ള ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുമില്ല,
ഇദ്ധേഹമാകട്ടെ ഇതു കൂടാതെ മറ്റെന്തെങ്കിലും ഒരു പുസ്തകം രചിച്ചിട്ടുമില്ല !
രചയിതാവ് പിന്നീട് കൊലചെയ്യപ്പെട്ടുവെന്ന് പുസ്തകം ആഘോഷമാക്കിയ ഷിയ വിരുദ്ധര്‍ വാദിക്കുന്നു , എന്നാല്‍ ഒരു തെളിവിനായി ഇദ്ധേഹത്തിന്‍റെ കുടുംബാംഗങ്ങളില്‍ നിന്നും ആരെയെങ്കിലും ചൂണ്ടിക്കാണിച്ചു തരുവാന്‍ പോലും ഇവര്‍ക്കു സാധിക്കുന്നില്ല.
ഇദ്ധേഹത്തിന് ഷഹാദ (സര്‍ട്ടിഫിക്കറ്റ്) ലഭിച്ചത് നജഫിലെ ഏത് ഹൗസയില്‍ നിന്നാണെന്നോ അവിടെ ഇദ്ധേഹത്തിന്‍റെ മറ്റു ഗുരുവര്യന്‍മാര്‍ ആരൊക്കെ ആയിരുന്നെന്നതിനൊ , സഹപാഠികള്‍ ആരൊക്കെയായിരുന്നെന്നതിനൊ യാതൊരു വിവരങ്ങളും ലഭിക്കുന്നതല്ല.
മുഹമ്മദ് ഹുസെെന്‍ കാശിഫുല്‍ ഗ്വിത്വാഇനെ പോലെയൊരു സുപ്രസിദ്ധ മര്‍ഇല്‍ നിന്നും ഇജ്തിഹാദിനുള്ള ഇജാസത്ത് നേടിയെന്നൊക്കെ അവകാശപ്പെടുന്ന പണ്ഡിതനെ സംബന്ധിച്ചിടത്തോളം അദ്ധേഹത്തെ ആളുകള്‍ അറിയാതെ പോകുന്നതെങ്ങനെ , ഒരു ആയത്തുല്ലാഹ് ആയിരിക്കെ അദ്ധേഹത്തെ അവലംബിച്ച് മതകാര്യങ്ങള്‍ ചെയ്യുന്ന മുഖല്ലിദുകളും സ്വഭാവികമായ് ഉണ്ടാകേണ്ടതാണല്ലോ....? ആശ്ചര്യകരമെന്നു പറയട്ടെ
ഈ പുസ്തകത്തിന്‍റെ രചയിതാവായ ആയത്തുല്ലായെ എന്നല്ല ഇദ്ദേഹത്തെ തഖ്ലീദു ചെയ്തിരുന്ന ഒരു സാധാരണ ഷിയാമുസ്ലിമിനെ പോലും കണ്ടെത്താന്‍ നമുക്ക് സാധിക്കുന്നതല്ല!
വ്യാജ മുഅല്ലിഫിനെ കുറിച്ചുള്ള തെളിവുകള്‍ പുസ്തകം തന്നെ തരുന്നു.....
വ്യാജന് അടിതെറ്റുന്നത് കാണുക...
മുഹമ്മദ് ഹുസെെന്‍ കാശിഫുല്‍ ഗ്വിത്വാഇല്‍ നിന്നും ആയത്തുല്ലാഹ് പട്ടം നേടിയെന്ന് അവകാശപ്പെടുന്ന രചയിതാവ് പുസ്തകത്തില്‍ ഒരിടത്ത് ഇന്‍ഡ്യയിലേക്കുള്ള തന്‍റെ യാത്ര അനുസ്മരിക്കുന്നുണ്ട് , ഇന്‍ഡ്യയില്‍ വച്ച് അദ്ധേഹം അസാസുല്‍ ഉസൂല്‍ അടക്കമുള്ള ഗ്രന്ഥങ്ങളുടെ മുഅല്ലിഫായ പ്രശസ്ത ഷിയാ പണ്ഡിതല്‍ സയ്യിദ് ദില്‍ദാര്‍ അലി നഖ്വിയെ കണ്ടുവെന്ന് പറയുന്നു, അറബി കിത്താബ് പേജ് നൂറ്റി നാലില്‍ നമുക്കിങ്ങനെ വായിക്കാം....
في زيارتي للهند التقيت السيد دلدار علي فأهداني نسخة من كتابه (أساس الأصول)
ഇന്ത്യയിലേക്കുളള എന്‍റെ യാത്രയില്‍ ഞാന്‍ സയ്യിദ് ദില്‍ദാല്‍ അലിയെ കാണുകയുണ്ടായി അദ്ധേഹം അസാസുല്‍ ഉസൂല്‍ എന്ന തന്‍റെ കിത്താബിന്‍റെ പകര്‍പ്പ് എനിക്ക് സമ്മാനിച്ചു...
മനപ്പുര്‍വ്വം ഒഴിവാക്കിയതോ എന്തോ ശംസുദ്ധീന്‍ പാലത്തിന്‍റെ മലയാളം പരിഭാഷയില്‍ പരതിയിട്ട് ഈ ഭാഗം കണ്ടേത്താന്‍ കഴിഞ്ഞിട്ടില്ല . നിരവധി ഗ്രന്ഥങ്ങളുടെ മുഅല്ലിഫായ വിഖ്യാദ പണ്ഡിതന്‍ സയ്യിദ് ധിൽദാർ നഖ്വി കൃസ്താബ്ദം 1753ല്‍ ഉത്തര്‍ പ്രദേശിലെ റായ്ബലേറിയില്‍ നസീറാബാദ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്, ഇറാഖിലെ നജഫില്‍ ഉന്നത വിദ്ധ്യാഭ്യാസം നേടി തിരികെ ഇന്‍ഡ്യയിലേക്കു മടങ്ങിയ സയ്യിദ് ദില്‍ദാര്‍ നഖ്വി ശിഷ്ടകാലം സ്വദേശത്ത് തന്നെ ദീനീ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചു , കൃസ്താബ്ദം 1820 ല്‍ ഇദ്ധേഹം വഫാത്തായിട്ടുണ്ട് . രചയിതാവ് നജഫില്‍ തന്‍റെ ഗുരുനാഥനായിരുന്നുവെന്ന് അവകാശപ്പെടുന്ന മുഹമ്മദ് ഹുസെെന്‍ കാശിഫുല്‍ ഗ്വിത്വാഅ് ആകട്ടെ അദ്ധേഹം ജനിച്ചത് തന്നെ ക്രിസ്താബ്ദം 1876 ലാണ് ,
എഴുപത്തി ആറോ എഴുപത്തി ഏഴോ വയസ്സു പ്രായമുള്ളപ്പോള്‍1954 ജൂലെെ 18 നാണ് ഇദ്ദേഹം വഫാത്താകുന്നത്.
നമ്മുടെ കഥാനായകനായ വ്യാജന്‍
അല്ലാഹുവിനായി ചരിത്രത്തിനായി
അറബി മൂലം لله ثم لتاريخ പേജ് 5 മുഖദ്ധിമയില്‍ തന്നെ ഇങ്ങനെ എഴുതിവച്ചിക്കുന്നു..
المهم أني أنهيت الدراسة بتفوق حتى حصلت على إجازتي العلمية في نيل درجة الاجتهاد من أوحد زمانه سماحة العميد محمّد الحسين آل كاشف الغطاء زعيم الحوزة
സമകാലികരില്‍ സര്‍വ്വശ്രേഷ്ഠനായ
ഹൗസയുടെ പ്രധാനാദ്യാപകന്‍ മുഹമ്മദ് ഹുസെെന്‍ ആലികാശിഫുല്‍ ഗ്വിത്വാഇല്‍ നിന്നും ഇജ്തിഹാദിനുള്ള ഇജാസത്ത് നേടുന്നതിനോളം പോന്ന നിലയില്‍ ഉയര്‍ന്ന റാങ്കോടുകൂടി വിദ്ധ്യഭ്യാസം പൂര്‍ത്തീകരിക്കാന്‍ എനിക്കു സാധിച്ചുവെന്നതാണ് ഒരു പ്രധാനകാര്യം.
ഇത് ഒരു നിലക്കും സാദ്ധ്യമല്ല , ഇറാഖില്‍ ജനിച്ചുവെന്ന് അവകാശപ്പെടുന്ന മൂസവി ഇന്‍ഡ്യയിലേക് യാത്ര ചെയ്തതും സയ്യിദ് ദില്‍ദാറിനെ കണ്ടതും മൂസവിക്ക് 20 വയസ് പ്രായമുള്ളപ്പോഴാണെന്ന് ഒരു കാല്‍ക്കുലേഷനു വേണ്ടി നമുക്ക് കണക്കാക്കാം അങ്ങനെ ആണെങ്കില്‍ ഈ സന്ദര്‍ശനം സയ്യിദ് ദില്‍ദാല്‍ വഫാത്തായ ക്രിസ്താബ്ദം 1820 ലായിരുന്നെന്ന് കരുതിയാല്‍ പോലും 1876 ല്‍ സ്വന്തം ഗുരുനാഥനായ കാശിഫുല്‍ ഗത്വാഅ് ജനിക്കുമ്പോള്‍ മൂസവിക്ക് 76 വയസ്സു പ്രായമുണ്ടായിരിക്കണം ! 1898 ന്‍റെ ഒടുക്കത്തിലാണ് മുഹമ്മദ് ഹുസെെന്‍ കാശിഫുല്‍ ഗ്വിതാഅ് നജഫിലെ വിഖ്യാദമായ ഹൗസയില്‍ അദ്യാപകവൃത്തി ആരംഭിച്ചിട്ടുള്ളത് , (പിന്നെയും വര്‍ഷങ്ങള്‍കു ശേഷമാണ് നജഫിലെ വിവിധ ഹൗസകളെ സമന്വയിപ്പിക്കുന്ന ഏകീകൃത മതവിദ്ധ്യാഭ്യാസ രീതിയൊക്കെ നിലനില്‍ വരുന്നതും അദ്ധഹം ഹൗസയിലെ പ്രധാനാദ്യാപകന്‍ ആകുന്നതും) ഇനി ഇതേ വര്‍ഷം തന്നെ മൂസവി ഹൗസയില്‍ ചേര്‍ന്നതാണെങ്കില്‍ മൂസവിക്ക് അപ്പോള്‍ പ്രായം 98 വയസ്സ് 22 വയസ്സുള്ള അദ്യാപകന് തൊണ്ണൂറ്റി എട്ടുവയസ്സുള്ള ശിഷ്യന്‍!
സുബ്ഹാനല്ലാഹ് നല്ല തമാശ തന്നെ!!
റാങ്കോട് കൂടി ഹൗസയില്‍ താന്‍ പൂര്‍ത്തിയാക്കിയെന്ന് രചയിതാവ് പറയുന്ന മതവിദ്ധ്യാഭ്യാസത്തിന്‍റെ ഏറ്റവും കുറഞ്ഞ കാലയളവ് 5 വര്‍ഷമാണ്.( മറ്റിടങ്ങളില്‍ നിന്നും കര്‍മ്മശാസ്ത്രം ഹദീസ് ഭാഷ തുടങ്ങി വിവിധ വിജ്ഞാനശാഖകളില്‍ അറിവ് നേടി എത്തുന്നവര്‍ക്കാണ് ബിരുദലാബ്ദിക്ക് ഹൗസയില്‍ 5 വര്‍ഷത്തെ വിദ്യാഭ്യാസം മതിയായ് വരിക ) ഇങ്ങനെയാണെങ്കില്‍ ബിരുദധാരണ സമത്ത് മൂസവിക്കു പ്രായം 103 വയസ്സും ഗുരുനാഥനായ കാശിഫുല്‍ ഗിത്വാഇന് 27 വയസ്സും ആണെന്ന് വരുന്നു.
ഇനി ഇതേ ഹുസെെന്‍ മൂസവി ഇമാം ഖുമെെനിയോടൊപ്പം പ്രത്യക്ഷപ്പെടുന്നുവെന്ന അത്ഭുതം കൂടി ഈ പുസ്തകം ഉള്‍കൊള്ളുന്നു ,
ഇമാം ഖുമെെനി ഇറാഖില്‍ തങ്ങിയ സമയത്ത് അദ്ധേഹത്തിന്‍റെ വിശ്വസ്ഥനും സഹചാരിയും ആയി താന്‍ മാറിയെന്ന് വ്യാജമൂസവി അവകാശപ്പെടുന്നു.
(لله ثم للتاريخ അറബി മൂലം പേജ് 35 , പശിഭാഷ സംശുദ്ധീന്‍ പാലത്ത് പേജ് 54-55)
لما كان الإمام الخميني مقيماً في العراق كنا نتردد إليه ونطلب منه العلم حتى صارت علاقتنا معه وثيقة جداً
ഇമാം ഖുമെെനി ഇറാഖില്‍ തങ്ങിയ കാലത്ത് ഞങ്ങള്‍ അദ്ധേഹത്തെ പതിവായ് സന്ദര്‍ശിക്കുകയും അദ്ധേഹത്തില്‍ നിന്നും വിജ്ഞാനം തേടുകയും ചെയ്യുമായിരുന്നു അങ്ങനെ അത് അദ്ധേഹവുമായുള്ള ഞങ്ങളുടെ ബന്ധത്തെ ദൃഢവിശ്വാസമുള്ളതാക്കി വളര്‍ത്തുകയും ചെയ്തു.
1965 കളിലാണ് രാഷ്ട്രീയ അഭയാര്‍ത്ഥിയായ് ഇമാം ഖുമെെനി ഇറാഖില്‍ തങ്ങുന്നത് , ഈ സമയത്ത് അദ്ധേഹത്തിന്‍റെ സഹചാരി ആയിട്ടുണ്ടെങ്കില്‍ മൂസവിക്ക് കുറഞ്ഞത് 167 വയസ്സ് പ്രായമെങ്കിലും ഉണ്ടായിരിക്കണം!
നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയെ മുത്അ വിവാഹം ചെയ്ത് ഒരു രാത്രി മുഴുവന്‍ ഇമാം ഖുമെെനി അവളെ ലെെംഗീകമായ് പീടിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നൊക്കെയാണ് തുടര്‍ന്ന് ഈ കപടന്‍ പറഞ്ഞെത്തുന്നത് ,ഇങ്ങനെ ഒരു പച്ചക്കളവ് പടച്ചുണ്ടാക്കി ഇമാം ഖുമെെനിയെ താറടിക്കാനുള്ള ശ്രമത്തിനിടക്ക് തന്‍റെ പ്രായം 167 ല്‍ എത്തിയ കാര്യം മൂസവിയുണ്ടൊ ഓര്‍ക്കുന്നു.!
അവിടം കൊണ്ടും തീരുന്നില്ല രാഷ്ട്രീയ അഭയാര്‍ത്ഥിയായ് പാരീസിലേക്കു പോയ ഇമാം ഖുമെെനി തിരിച്ച് ടെഹ്റാനിലേക്ക് എത്തുമ്പോള്‍ അവിടെയും നമ്മുടെ മൂസവി പ്രത്യക്ഷപ്പെടുന്നു.
(لله ثم للتاريخ അറബി മൂലം പേജ് 91 , പരിഭാഷ സംശുദ്ധീന്‍ പാലത്ത് പേജ് 111 )
وكان واجب التهنئة يقع علي شخصياً أكثر من غيري لعلاقتي الوثيقة بالإمام الخميني، فزرت إيران بعد شهر ونصف -وربما أكثر- من دخول الإمام طهران إثر عودته من منفاه باريس، فرحب بي كثيراً، وكانت زيارتي منفردة عن زيارة وفد علماء الشيعة في العراق
ശംസുദ്ധീൻ പാലത്തിന്റെ പരിഭാഷയിലും ഇത് വിട്ടുപോയിട്ടില്ല , അതിൽ ഇങ്ങനെ വായിക്കാം എനിക്ക് ഇമാം
ഖുമൈനിയുമായുള്ള ആഴമേറിയ ബന്ധം കാരണം മറ്റുള്ള
വരേക്കാള്‍ ഈ അഭിനന്ദനമര്‍പ്പിക്കാന്‍ ഞാന്‍ ബാധ്യസ്ഥനായിരുന്നു.
അങ്ങനെ ഏതാണ്ട് ഒന്നര മാസത്തിനു ശേഷം, ഇമാം ഖുമൈനി
പാരീസിലെ പ്രവാസം കഴിഞ്ഞ് ടെഹ്‌റാനിലെത്തിയ ഉടനെ ഞാന്‍
ഇറാന്‍ സന്ദര്‍ശിച്ചു.
1978 ജനുവരിയിൽ സദ്ധാം ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇറാഖിൽ നിന്നും ഫ്രാൻസിലേക്ക് മാറുന്ന ഇമാം ഖുമൈനി 1964 ഇൽ തുടങ്ങിയ , തന്റെ പതിനാലോളം വർഷങ്ങൾ നീണ്ട രാഷ്ട്രീയ പ്രവാസവും പലായനങ്ങളും അവസാനിപ്പിച്ച് തിരികെ ഇറാനിലേക്ക് എത്തുന്നത് 1979 ഫെബ്രുവരി ഒന്നാം തിയതിയാണ് , ഈ സമയത്ത് ഇമാം ഖുമൈനിയെ സ്വീകരിക്കാനും അഭിവാദ്യം അർപ്പിക്കാനും പോയ നമ്മുടെ കഥാനായകനായ മൂസവിയുടെ പ്രായം ഇപ്പോൾ 181 ഇൽ എത്തിയിരിക്കുന്നു , സുബ്ഹാനല്ലാഹ്
പുസ്‌തകത്തിൽ പലയിടങ്ങളിലായ് അക്കാലത്തു പ്രസിദ്ധനായിരുന്ന മറ്റൊരു ഷിയാ പണ്ഡിതനെ കൂടി വ്യാജമൂസവി തന്റെ ഗ്രന്ഥത്തിൽ വലിച്ചിഴക്കുന്നുണ്ട് , ഇമാം ഖുഈ എന്ന ആയത്തുല്ലാഹ് സയ്യിദ് അബുഖാസിം അൽ ഖുഈ , ഇദ്ദേഹത്തിന്റെ ശിഷ്യത്വവും സഹവർത്തിത്വവുമൊക്കെ നമ്മുടെ മൂസവി വാദിച്ചെടുക്കുന്നുണ്ട് ,പുസ്തകത്തിൽ ഒരിടത്ത് നമുക്ക് ഇങ്ങനെ വായിക്കാം
(لله ثم للتاريخ അറബി മൂലം പേജ് 28 , പരിഭാഷ സംശുദ്ധീന്‍ പാലത്ത് പേജ് 44 )
فإني كنت أحد الذين ساعدوه في تأليف هذا السفرء
ഖുഈ معجم رجال لحديث എന്ന അദ്ദേഹത്തിന്റെ പുസ്തകം തയ്യാറാക്കുമ്പോള്‍ അദ്ദേഹത്തെ സഹായിച്ചവരില്‍ ഞാനും ഉണ്ടായിരുന്നു.
തന്റെ കാലത്തെ തലമുതിർന്ന മുതിർന്ന ഷിയാ പണ്ഡിതൻ എന്ന രൂപത്തിലാണ് മൂസവി പുസ്തകത്തിൽ ഉടനീളം സയ്യിദ് ഖുഈയെ പരിചയപ്പെടുത്തുന്നത് , എന്നാൽ ആയിരത്തി എണ്ണൂറ്റി ഇരുപത്തുകളിൽ ഇന്ത്യയിൽ വന്ന് സയ്യിദ് ദിൽദാറിനെ സന്ദർശിച്ച മൂസവിയെ സംബന്ധിച്ചിടത്തോളം സയ്യിദ് ഖുഈ പ്രായത്തിൽ തന്നെക്കാൾ ഏതാണ്ട് 100 വയസ്സിനു ഇളയതായിരിക്കണം ! മൂസവിയുടെ ജനനം 1800 ൽ ആണെങ്കിൽ സയ്യിദ് ഖുഈ ജനിച്ചത് 1899 ൽ ആണ് , ഇവിടെയാണ് വായനക്കാരെ സ്തബ്ധർ ആക്കിക്കൊണ്ട് പുസ്തകത്തിൽ മൂസവി സയ്യിദ് ഖുഈക്ക് ഖിദ്മത് ചെയ്‌യുന്ന ശിഷ്യനായി കടന്നു വരുന്നതും തന്റെ 92 ആമത്തെ വയസ്സിൽ 1992 ൽ വാർധക്യ സഹജമായ അസുഖത്താൽ മരണപ്പെടുന്ന ഖുഈയുടെ അരികിൽ നിന്ന് അദ്ദേഹത്തിന്റെ വസീയത് കേൾക്കുന്നതും !!
( لله ثم للتاريخ അറബി മൂലം പേജ് 80 , പരിഭാഷ സംശുദ്ധീന്‍ പാലത്ത് പേജ് 99 )
ولهذا قال الإمام الخوئي في وصيته لنا وهو على فراش الموت عندما أوصانا كادر التدريس في الحوزة .
അതുകൊണ്ടാണ് ഇമാം ഖുഈ മരണനേരത്തുള്ള തന്റെ
വസ്വിയത്തില്‍ ഞങ്ങളോടു പറഞ്ഞത്,
ഈ പുസ്തകം എഴുതിയ വ്യക്തി ഷിയ പണ്ഡിതനെന്നല്ല ഒരു സാധാരണ ഷിയ മുസ്‌ലിം പോലും അല്ല എന്നത് വ്യക്തമാണ് , ഷിയാക്കളല്ലാത്തവര്‍ക് ഇത് പെട്ടെന്ന് മനസ്സിലാകുകയുമില്ല , എന്തെന്നാല്‍ ഷിയ ഗ്രന്ഥങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ പശ്ചാത്തലത്തിനു പുറത്തേക്ക് മുറിച്ചെടുത്ത് വ്യാജന്‍ തന്‍റെ പുസ്തകത്തില്‍ അതി സമര്‍ത്ഥമായി നിറച്ചുവച്ചിരിക്കയാണ് , ഷിയാധാരയെ കുറിച്ചുള്ള അറിവോ ഷിയാക്കളോട് ചോദിച്ചറിയാൻ അവസരങ്ങളോ ഇല്ലാത്തവർ ഒറ്റവായനയില്‍ തന്നെ വീണുപോകും.
വ്യാജ മുഅല്ലിഫിന് സയ്യിദ് ആരാണെന്നതിനെ കുറിച്ചു പോലും വിവരമില്ല!
ആരാണ് ആയത്തുല്ലാഹ് എന്നും എന്താവരുടെ ധര്‍മ്മമെന്നും മുന്‍പേ പറഞ്ഞുവല്ലോ ,
ആയത്തുല്ലാമാരല്ലാത്ത പണ്ഡിതർക് ശെയ്ഖ് എന്ന വിശേഷണം മാത്രം പറയുന്നതും അഹ്ലുബൈത് പരമ്പരകളിൽ പെട്ടവർക് ഈ സ്ഥാനത്ത് സയ്യിദ് എന്ന് പറയുന്നതുമാണ് പൊതുവായ ഷിയാ രീതി. ഷിയാക്കളിൽ എന്നല്ല സുന്നികള്‍കിടയില്‍ പോലും ഈ രീതിയാണ് കണ്ടുവരുന്നതും ,
സയ്യിദ് ആണെങ്കിലും ശെെഖ് ആണെങ്കിലും ആയത്തുല്ലാഹ് സ്ഥാനം സിദ്ധിക്കുമ്പോള്‍ അവരുടെ പേരില്‍ ഇവയ്ക്ക് മുമ്പായ് ആയത്തുല്ലാഹ് എന്നത് മുന്തിക്കപ്പെടുകയും ചെയ്യുന്നു.
വിഖ്യാത ഷിയാ പണ്ഡിതനും ഗ്രന്ധകാരനുമായ ശെെഖ് മുഹമ്മദ് ഹുസെെന്‍ കാശിഫുല്‍ ഗ്വിത്വാഅ് ഒരു സയ്യിദായിരുന്നില്ല എന്ന വിവരം പോലും അദ്ധേഹത്തില്‍ നിന്നും നേരിട്ട് അറിവു പഠിക്കുകയും ഇജാസത്ത് നേടുകയും ചെയ്തുവെന്നവകാശപ്പെടുന്ന വ്യാജമൂസവിക്ക് ഇല്ലെന്നതാണ് ആശ്ചര്യമായ മറ്റൊരു സംഗതി , പുസ്തകത്തിലൂടനീളം 'സയ്യിദ് മുഹമ്മദ് ഹുസെെന്‍ കാശിഫുല്‍ ഗ്വിത്വാഅ്' എന്നാണ് രചയിതാവ് പരാമര്‍ശിച്ചിട്ടുള്ളത്.
തുടക്കത്തിൽ തന്നെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ നമ്മൾ രണ്ടായി തിരിച്ചിരുന്നല്ലോ മൂസവി ഷിയാക്കൾക്കുമേൽ ഷിയാ സ്രോതസ്സുകളെ ഉദ്ധരിച്ച കൊണ്ട് നടത്തുന്ന ആരോപണങ്ങളും വിമര്ശനങ്ങളുമാണ് രണ്ടാമത്തേത്ത് , ഈ ഭാഗം മൂസവി തന്റെ സ്വന്തം കാര്യങ്ങൾ പറയുന്നതിനേക്കാൾ രസകരമാണ് . ഷിയാ പണ്ഡിതന്റെ മേൽവിലാസം മോഷ്ടിച്ചുണ്ടാക്കിയ പുസ്തകത്തിന്റെ കൃതികർത്താവ് യഥാർത്ഥത്തിൽ ഷിയാ സരണിയെ കുറിച്ചുള്ള പരിജ്ഞാനത്തിൽ എത്രത്തോളം പാമരനാണെന്ന് ബോധ്യപ്പെടുത്തുന്ന പല വിചിത്ര വാദങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട് , ഇവയിൽ പ്രധാനപ്പെട്ടവ ഒരു പ്രത്യേക കുറിപ്പായി മറ്റൊരു പേജിലോ ഒരു തുടർച്ചയായി ഇതേ പേജിലോ അപ്ഡേറ്റ് ചെയ്യാൻ വൈകാതെ തന്നെ സാധിക്കുമെന്ന് കരുതുന്നു ( ഇന്ഷാ അല്ലാഹ് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ