ഖുമെെനി എഴുതിയതും മൗലവി വായിച്ചതും

ക്ലാസില്‍ പ്രവേശിച്ച ശേഷം പതിവ് പോലെ തന്നെ അദ്ധ്യാപകന്‍ വിദ്ധ്യാര്‍ത്ഥികളുടെ ഹാജര്‍ നില പരിശോധിച്ചു , രണ്ട് വിദ്ധ്യാര്‍ത്ഥികള്‍ മൂന്ന് ദിവസമായി ക്ലാസിലെത്തുന്നില്ല. 

സലീമും സുഹെെലുമാണത് നന്നായി പഠിക്കുന്ന ഇവര്‍ ഈയിടയായ് ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നതില്‍ അല്‍പം ഉഴപ്പായത് പോലെ ,സ്ഥിരമായ് ക്ലാസ് മുടക്കുകയും പഠനക്കാര്യത്തില്‍ പിന്നാക്കം നില്‍കുകയും ചെയ്യുന്ന ഏതാനും വിദ്ധ്യാര്‍ത്ഥികള്‍ ഇതേ ക്ലാസില്‍ വേറെയുണ്ട് ശഫീഖും റിയാസുമാണതില്‍ രണ്ട് പേര്‍. 

സുഹെെലും സലീമും ഹാജരില്ലന്ന് കണ്ട അദ്ധ്യാപകന്‍ അവരെ പറ്റി സംസാരിച്ച് കൊണ്ട് വിദ്ധ്യാര്‍ത്ഥികളോടായ് ഇപ്രകാരം പറയുകയാണെന്ന് കരുതു .

''സുഹെെലും സലീമും ശഫീഖിനെയും റിയാസിനെയും മറ്റും പോലെ ക്ലാസ് മുടക്കുകയാണെങ്കില്‍ ഹാജര് ഇല്ലാത്ത കാരണത്താല്‍ അവര്‍ ജയിക്കുകയില്ല. ഇനി നന്നായി പഠിക്കുന്നവരായാല്‍ പോലും ഹാജരില്ലാത്ത വിദ്ധ്യാര്‍ത്ഥികള്‍ തോറ്റത് തന്നെ ''

ഇത്രയും കേള്‍കുന്ന നിങ്ങള്‍ക് എന്താണ് മനസിലാക്കാന്‍ കഴിയുക ? 

വിദ്ധ്യാര്‍ത്തികളായ സുഹെെലും സലീമും ഉഴപ്പന്‍മാരായ ശഫീഖിനെയും റിയാസിനെയും പോലെ ക്ലാസ് മുടക്കാന്‍ തുടങ്ങിയാല്‍ നന്നായി പഠിക്കുന്നവരായാല്‍ തന്നയും  അവര്‍ പരീക്ഷ പാസാകുകയില്ല.

എനിക്കും നിങ്ങള്‍കും മനസിലായത് ഇതാണെങ്കില്‍ അദ്ധ്യാപകന്‍റെ പ്രസ്താവന കേട്ട  കോട്ട് മുക്രിക്കും പോക്കര്‍ ഹാജിക്കും മനസിലായത് മറ്റു ചിലതാണ്. അത് ഇപ്രകാരമാണെങ്കിലോ?

സലീമിനെയും സുഹെെലിനെയും അദ്ധ്യാപകന്‍ ഉപമിച്ചത് ശഫീഖിനോടും റിയാസിനോടുമാകുന്നു മാത്രവുമല്ല അനുബന്ധമായി നന്നായി പഠിക്കുന്നവരായാലും അവര്‍ പരീക്ഷ പാസാകുകയില്ല എന്ന് പറഞ്ഞിട്ടുമുണ്ട് ഇതിന്‍റെ അര്‍ത്ഥം സലീമിനെയും സുഹെെലിനെയും പോലെ തന്നെ ഷഫീഖും റിയാസും പഠനമികവുള്ളവരാണ് എന്ന് കൂടിയാണ്.

എങ്ങനെയുണ്ട് ഈ വക്രീകരണം ,

കേമം തന്നെ അല്ലേ

ഇനി വിഷയത്തിലേക്ക് വരാം.

ഇത്രയും പറഞ്ഞത് ചില ഷിയാ വിരോധികള്‍‍ സോഷിയല്‍ മീഡിയയില്‍ നടത്തിവരുന്ന തീര്‍ത്തും സമാനമായ ഒരു വക്രവിദ്ധ്യ പ്രിയ വായനക്കാര്‍ക്ക്  എളുപ്പത്തില്‍ മനസിലാകാന്‍ വേണ്ടിയാണ് സദയം ക്ഷമിക്കുക.

പ്രസിദ്ധനായ ഷിയ പണ്ടിതന്‍ ആയത്തുല്ലാഹ് ഖുമെെനി  അദ്ധേഹത്തിന്‍റെ വിശ്രുതമായ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍ നബി പത്നി ആയിശ ബീവിയെയും മറ്റും പട്ടിയെക്കാളും പന്നിയേക്കാളും മോശമെന്ന് ഉപമിച്ചിട്ടുണ്ടെന്നതാണ് ഇവരുടെ ജല്‍പനം. ആദ്യം അതിൽ ചിലത് കാണാം 


മറ്റൊരു അധികപ്രസംഗം 👇


നമുക്കതൊന്ന് പരിശോധിക്കാം ഖുമെെനി പറഞ്ഞതെന്ത് ?

നല് വാല്യങ്ങളുള്ള ഒരു കര്‍മ്മ ശാസ്ത്ര ഗ്രന്ഥമാണ് തഹ്രീറുല്‍ വസീല , ജഅ്ഫരീ മദ്ഹബിലെ  ഫിഖിഹീ മസ്അലകള്‍കുള്ള  ഫാഖിഹായ ഇമാം ഖുമെെനിയുടെ  സമഗ്രമായ വിശകലനവും വിശദീകരണങ്ങളുമാണ് വിശ്രുതമായ ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം.

ഇതില്‍ ത്വഹാറത്ത് അഥവ ശുചീകരണവുമായ് ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുന്ന ഭാഗത്ത്   

ഹര്‍ബികളായ കാഫിറുകള്‍കും  മറ്റും അതായത് വിദ്ധ്വേഷ പരവും ആക്രമണ പരവുമായ് വിശ്വാസി സമൂഹത്തോട് ഇടപെടുന്ന കുഫാറുകള്‍കും മറ്റും ള്വാഹിറായ  നജാസത്ത് (പ്രകടമായ അശുദ്ധത) ഉണ്ടെന്ന കര്‍മ്മ ശാസ്ത്ര വീക്ഷണം പ്രതിപാദിച്ച് കൊണ്ട്  നാസിബുകള്‍ അഥവാ നബി കുടുംബത്തോട് വിശിഷ്യ  പ്രവാചകന്‍റെ പിന്‍ഗാമികളായ ഇമാമീങ്ങളോട് യുദ്ധം ചെയ്ത വ്യതസ്ത കക്ഷികളെ കുറിച്ച് അവര്‍ക് നജാസത്ത് ഉണ്ടൊ  എന്നതില്‍ ഫിഖ്ഹീ വിധി പറയുകയാണ് അദ്ധേഹം ചെയ്യുന്നത്. 

ഇവിടെ അദ്ധേഹം നാസിബുകളെ രണ്ട് വിഭാഗമായ് തിരിക്കുന്നു.

ആദര്‍ശ പരമായ ശത്രുതയുള്ളവരും മറ്റ് ഭൗതീക കാരണങ്ങള്‍ക് മേല്‍(രാഷ്ട്രീയം പോലെയുള്ളവ)  അയിമ്മത്തിനോട് അഥവാ ഇമാമീങ്ങളോട്    കലഹിച്ചവരും.

ഒന്നാമത്തെ വിഭാഗത്തില്‍ ഇമാം ഖുമെെനി ഖവാരിജുകളെ മാത്രമാണ് എണ്ണുന്നത് ആദര്‍ശ ശത്രുതയോടെ ഇമാം അലിയോട് പൊരുതിയതിനാല്‍  ഖവാരിജുകള്‍ പ്രത്യക്ഷ്യ നജ്സുകളാണെന്ന ശിയാ പക്ഷത്തെ ഏകോപിതാഭിപ്രായം സ്ഥിരപ്പെടുത്തിക്കൊണ്ട് തന്നെ രണ്ടാമത്തെ വിഭാഗത്തെ ഇത്തരത്തിലെ നജാസത്തില്‍ നിന്ന് ഒഴിവാക്കി കര്‍മ്മ ശാസ്ത്ര വിധി പറയുകയാണ് മുജ്തഹിദായ ഇമാം ഖുമെെനി.

കിത്താബിൽ നിന്ന് തന്നെ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാസിബുകള്‍ പട്ടി പന്നികളേക്കാള്‍ മ്ലേച്ഛരാണെന്ന നിവേദനങ്ങള്‍  ഷിയാപക്ഷത്തെ ഉസൂലുകളിൽ വന്നിട്ടുള്ളതാണ് എന്നാൽ ഏതൊക്കെ തരത്തിലെ നസബുകൊണ്ടാണ് ഒരുവൻ ഈ വിധം മ്ലേച്ഛനായിത്തീരുക എന്ന് ഈ നിവേദനങ്ങൾ പറയുന്നില്ല അതിനു മറ്റു നിവേദനങ്ങളും (അഖ്ബാർ) അതുപോലെ തന്നെ ഇജ്മാഉം പരിശോധിക്കേണ്ടതായുണ്ട് അതുചെയ്ത ശേഷം  മുജ്തഹിദായ ഖുമൈനി തൻ്റെ മുഖല്ലിദുകൾക് അതിൻ്റെ  കർമശാസ്ത്ര വിധികൾ നൽകുകയാണിവിടെ, അല്ലാതെ വീഡിയോയിലെ ചങ്ങാതി പറഞ്ഞതുപോലെ ആന്തരീക മാലിന്യത്തെ കുറിച്ചല്ല ഇവിടെ ചർച്ച. നാസിബുകൾ നജസുകളാണ് എന്ന നിവേദനങ്ങളെ  പൊതുവത്കരിച്ച് കൊണ്ട് ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ, സുബൈർ ത്വല്‍ഹ പോലുള്ളവരില്‍ കുഫ്റും രിദ്ധത്തും ഒപ്പം നജാസത്തും ആരോപിക്കുന്ന തീവ്ര റാഫിളികകളെ തിരുത്തുക കൂടിയാണ് ഈ പ്രസ്താവനാ ഭാഗത്ത് വാസ്തവത്തില്‍ അദ്ധേഹം  ചെയ്തിട്ടുള്ളത് , ഇത്തരത്തിലുള്ള പല അതിർകവിയലുകളെയും തിരുത്തി അതിൻ്റെ  പേരില്‍  തീവ്ര കക്ഷികളാൽ അദ്ദേഹം  വിമര്‍ശിക്കപ്പെടുന്ന സാഹചര്യം അക്കാലത്തു തന്നെയുണ്ടായിരുന്നു , ഇന്നും ഷിയ പക്ഷത്തെ  തീവ്ര ആശയകാർക്കൊക്കെ റൂഹുല്ലാ ഖുമൈനി അനഭിമതനായിരിക്കുന്നതിൻറെ കാരണവും മറ്റൊന്നല്ല.

ഇമാം ഖുമെെനി പറയുന്നതിങ്ങനെ

وأما سائر الطوائف من النصاب بل الخوارج فلا دليل على نجاستهم وإن كانوا أشد عذابا من الكفار، فلو خرج سلطان على أمير المؤمنين عليه السلام لا بعنوان التدين بل للمعارضة في الملك أو غرض آخر كعائشة وزبير وطلحة ومعاوية وأشباههم أو نصب أحد عداوة له أو لأحد من الأئمة عليهم السلام لا بعنوان التدين بل لعداوة قريش أو بني هاشم أو العرب أو لأجل كونه قاتل ولده أو أبيه أو غير ذلك لا يوجب ظاهرا شئ منها نجاسة ظاهرية. وإن كانوا أخبث من الكلاب والخنازير لعدم دليل من إجماع أو أخبار عليه

ഖവാരിജുകള്‍ ഒഴിച്ചുള്ള ഇതര നാസിബി കക്ഷികള്‍ ഇനിയഥവാ കുഫാറുകളെക്കാള്‍ കഠിന ശിക്ഷിതരാണിവരെങ്കില്‍ ‍പോലും അവരുടെ നജാസത്തിന് തെളിവില്ല , ഒരു രാജാവ് അമീറുല്‍ മുഅ്മിനീനോട് ആദര്‍ശപരമല്ലാത്ത  കാരണത്തിന്‍ മേല്‍ എതിരിടുന്നുവെന്നിരിക്കട്ടെ രാജ്യാധികാരത്തിലുള്ള എതിരഭിപ്രായത്തിന്‍ മേലൊ  അതല്ലാത്ത മറ്റുദ്ധേശങ്ങളോടെ ആയിഷയെയൊ സുബെെറിനെയൊ തല്‍ഹയെയൊ മുആവിയയൊ സമാനരായ മറ്റുള്ളവരെയൊ പോലെ അതുമല്ലെങ്കില്‍ ഒരുവന്‍   അദ്ധേഹത്തോടൊ (ഇമാം അലിയോട് ) ഇമാമീങ്ങളില്‍  ഏതെങ്കിലുമൊരുവനോടോ ശത്രുതവച്ചു , ദീനിപരമായ കാരണത്തിന്‍ മേലല്ലാതെ ഖുറെെഷികളോടൊ  ബനീഹാഷിമിനോടൊ അറബികളോടൊ ഉള്ള ശത്രുതയുടെ പേരില്‍ അതുമല്ലെങ്കില്‍ അവന്‍റെ മകന്‍ വധിക്കപ്പെട്ടതിന്‍റെയൊ പിതാവ് കൊല്ലപ്പെട്ടതിന്‍റെയൊ അതുപൊലെയുള്ളതിന്‍റെയൊ പേരില്‍ ഇതില്‍ നിന്നൊന്നും തന്നെ ബാഹ്യമായ നജാസത്ത് വീക്ഷിക്കേണ്ടിയതായ് വരുന്നില്ല.  ഇനിയഥവാ അവര്‍ (ഖവാരിജേതര നാസിബി കക്ഷികള്‍‍) പട്ടി പന്നികളെക്കാള്‍ മലീമസരായിരുന്നാല്‍ പോലും അതിന്ന് ഇജ്മാഇല്‍ നിന്നൊ അഖ്ബാറില്‍ നിന്നോ തെളിവു ലഭ്യമല്ല.

ഇമാം അലിയോട് യുദ്ധം ചെയ്തവരെ പോലും രാഷ്ട്രിയ എതിരാളികളായ് വിലയിരുക വഴി  അവരില്‍ കുഫ്റും രിദ്ധത്തുമൊക്കെ ആരോപിക്കുന്ന തീവ്ര റാഫിളി കക്ഷികളെ പ്രഹരിക്കുകയാണ് ശരിക്കും ഇമാം ഖുമെെനി ഇവിടെ ചെയ്തത്.

ഇതിനെയാണ് ഖുമെെനി ആയിശ ബീവിയെ പട്ടിയോടും പന്നിയോടും ഉപമിച്ചെന്ന് പോലും പറഞ്ഞ് ദുര്‍വ്യാഖാനം ചെയ്ത് ഷിയാ വിരോധികള്‍ കുരവയിട്ട് നടക്കുന്നത്. അതിനായ് ശര്‍ത്തീയായ ജുംലകളെ തെറ്റിധാരണാ ജനകമായ് പരിഭാഷപ്പെടുത്തുകയും  മശ്കൂക്ക് ആയ അംറിന് തഅ്കീദിന്‍റെയും പലപ്പോഴും ഖസമിന്‍റെയും പോലും  അര്‍ത്ഥം നല്‍കി വിശദീകരിക്കുകയും ചെയ്തു  ഈ ഇബാറ ഇപ്രകാരം  ദുരുപയോഗം ചെയ്യപ്പെടുന്നതിന് വിനീതനായ ഞാന്‍ തന്നയും പല തവണ സാക്ഷിയായിട്ടുണ്ട്.

ശര്‍ത്ത് മുന്‍കടന്നും ജവാബ് മുന്‍കടന്നും ജവാബ് ജസാഉകള്‍ മഹ്ദൂഫായും ശര്‍ത്തിയായ ജുംലകള്‍ക് പലവിധ പ്രയോഗങ്ങളുണ്ട് അറബി ഭാഷയില്‍ . ഇമാം ഖുമെെനിയുടെ ഈ പ്രസ്താവനാ ഭാഗത്ത് ഇവര്‍ പരിഭാഷപ്പെടുത്തി കണ്‍കെട്ട് വിദ്ധ്യ കാണിക്കുന്ന രണ്ട് പ്രധാന ജുംലകളും ശര്‍ത്തിയായ ജുംലകളാണ്. ശര്‍ത്തിന്‍റെ അദവാത്തുകളില്‍ നിന്നും (  إن ) ആണ് ഈ ജുംലകളില്‍ ഉപയോഗിച്ചിട്ടുള്ളതും . അംറില്‍ അഥവാ പറയപ്പെടുന്ന സംഗതിയില്‍ അനിശ്ചിതത്വത്തെ അല്ലെങ്കില്‍ ഉറപ്പില്ലായ്മയെ സൂചിപ്പിക്കലാണ് ശര്‍ത്തിന്‍റെ ഹര്‍ഫെന്ന നിലയില്‍ (إن  )ന്‍റെ ഉപയോഗം.  ഉദാഹരണത്തിന് ഇന്‍ഷാ അല്ലാഹ് എന്ന വാചകത്തിന് അല്ലാഹു ഇച്ഛിക്കുന്നെങ്കില്‍ എന്നേ അര്‍ത്ഥമുള്ളു വുഖൂഅ് മശ്കൂഖ് ആണ് ഉറപ്പില്ല . 

തന്നെ റാഫിദി എന്ന് വിളിച്ച് ആക്ഷേപിക്കുന്ന വിരോധികൾക്ക്  അഹ്ലുബെെത്തിനെ പ്രകീര്‍ത്തിച്ച് എഴുതിയ തന്‍റെ കവിതയിലൂടെ മറുപടി നല്‍കുന്ന ഇമാം ശാഫിഈയുടെ തന്നെ  ചില വാചകങ്ങള്‍ ഇതാ  .

(إِن كَانَ رفضا حب آل مُحَمَّد ... فليشهد الثَّقَلَان إِنِّي رَافِضِي)

നബി കുടുംബത്തോടുള്ള സ്നേഹം റഫദ് ആണെങ്കിൽ ഈയുള്ളവൻ ഒരു റാഫിദി ആണെന്ന് മനുഷ്യനും ജിന്നും സാക്ഷ്യം വഹിച്ചുകൊള്ളട്ടെ 

(إِن كَانَ حب الْوَلِيّ رفضا ... فإنني أرفض الْعباد)

വലിയ്യിനോടുള്ള സ്നേഹം റഫ്ദ്  ആണെങ്കിൽ നിശ്ചയം ഞാൻ അടിമകളിൽ വച്ചേറ്റവും വലിയ റാഫിദി തന്നെ  

ഇതുവായിച്ചിട്ട് നബികുടുംബത്തോടുള്ള സ്നേഹം റഫ്ദ് ആണെന്നും താനൊരു റാഫിദി ആണെന്നുമാണ്  ഇമാം ശാഫീ പറഞ്ഞതെന്നും അർത്ഥം വച്ചാൽ എങ്ങനെയിരിക്കുമൊ അതു പോലെയാണ്  ഖുമൈനിയുടെ പ്രസ്താവനയിലെ രണ്ട് ശർത്തിയായ വാചകങ്ങളെയും ഇടക്കുള്ള തശ്ബീഹിനെയും  മുകളിലെ വീഡിയോകളിൽ ഷിയവിരോധികൾ വ്യാഖ്യാനിച്ചത് .

ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടി നോക്കാം..

عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: اسْمَعُوا وَأَطِيعُوا، وَإِنِ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ، كَأَنَّ رَأْسَهُ زَبِيبَةٌ

നബി (ﷺ) പറഞ്ഞു :  നിങ്ങള്‍കു മേല്‍ കാര്യക്കാരനായ് നിയോഗിക്കപ്പെട്ടത് ഉണക്കമുന്തിരി പോലെ തലയുള്ള (ചുരുണ്ട മുടിയുള്ള) ഒരു എത്യോപ്യന്‍ അടിമയാണെങ്കിലും ശരി നിങ്ങള്‍ അദ്ധേഹത്തെ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുക.

നബി(ﷺ) സ്വഹാബത്തിന് ഈ ഉപദേശം നല്‍കുമ്പോള്‍ അവര്‍കുമേല്‍ അങ്ങനെ ഒരു എത്യോപ്യന്‍ അടിമയെ നേതാവായ് നിയോഗിച്ചിരുന്നില്ല എന്ന് നമുക്കറിയാം , കാല്‍പനികമായ ഒരു ഉദാഹരണം പറയുകമാത്രമാണ് നബി(ﷺ)അവിടെ ചെയ്തത്. ഒരു സന്ദര്‍ഭത്തിന്‍റെ സാദ്ധ്യത സാങ്കല്‍പികമായ് ഉദാഹരിക്കാന്‍ വേണ്ടിയും അറബിഭാഷയില്‍ ഇപ്രകാരം ശര്‍ത്തിയായ ജുംലകള്‍ ഉപയോഗിക്കാമെന്നതിന് ഈ നബിവചനത്തില്‍ പരം  ഒരു തെളിവിന്‍റെയും ആവശ്യമില്ല.

ഖുമെെനിയുടെ പ്രസ്താവനയെ വളച്ചൊടിക്കുന്നിടത്ത് എടുത്ത് പറയേണ്ട ഒരു കൃതൃമം വരികൾക്കിടയിലെ  തശ്ബീഹ്‌ അഥവാ ഔപമ്യത്തെ വ്യാഖ്യാനിച്ചതിലും ഉണ്ട് ,  ആദർശപരമല്ലാത്ത പോരാട്ടങ്ങളെ ഉപമിക്കാന്‍ വേണ്ടി മാത്രമാണ് ആയിഷ ത്വല്ഹ പോലെയുള്ളവരെ ഖുമൈനി തന്‍റെ പ്രസ്താവനയില്‍ പരാമർശിക്കുന്നത് അവിടുത്തെ വജ്ഹു ശുബഹ് ഈ ഒരു സംഗതി മാത്രമാണ് , ഈ കുറിപ്പിൻറ്റെ തുടക്കത്തിൽ അധ്യാപകൻ മിടുക്കന്മാരായ രണ്ട് വിദ്യാർഥികളെ  ഉഴപ്പൻമാരായ മറ്റ് രണ്ട്  വിദ്യാർത്ഥികളോട് ഉപമിച്ചത് ഹാജർ എന്ന ഒറ്റക്കാര്യത്തിൽ മാത്രം ആകുന്നതുപോലെയാണിത് ഇമാമീങ്ങളോട് ആദർശ പരമായ കാരണങ്ങളിലലല്ലാതെ പോരാട്ടം നടത്തിയതിനെ ഉദാഹരിക്കാൻ വേണ്ടിമാത്രം . 

സര്‍വ്വാദരണീയ വ്യക്തിത്വത്തിന്‍റെ ഉടമയായ ഇമാം  ഖുമൈനി  ആശയ ഭിന്നതകള്‍ക് അതീതമായ ശിയാ സുന്നി ഐക്യത്തില്‍ വിശ്വസിക്കുകയും അതിനായ് പരിശ്രമിക്കുകയും ചെയ്തയാളാണ് . പരമ്പരാഗതരും പുരോഗമനവാദികളും അടങ്ങുന്ന വിവിധങ്ങളായ സുന്നീ സരണികളില്‍ പെടുന്ന  ഉലമാക്കള്‍ അദ്ധേഹത്തോട് സഹവര്‍ത്തിത്വം പുലര്‍ത്തിയിരുന്നു എന്നത്  ചരിത്രമാണ് , ഒഹാബികള്‍ മാത്രമാണ് ഇതിനപവാദമായുള്ളത്. ഷിയാക്കളും സുന്നികള്‍കും ഇടയില്‍ ആശയ പരമായ ഭിന്ന വീക്ഷണങ്ങളുണ്ട് ആ ഭിന്നതകള്‍ തന്നെയാണ്  ഷിയാക്കളെ ഷിയാക്കളും സുന്നികളെ സുന്നികളുമാക്കുന്ന ഘടകങ്ങള്‍ എന്നാല്‍ പ്രതിപക്ഷത്തോടുള്ള മൂഢമായ  വിരോധത്തിന്‍റെ പേരില്‍ അസത്യം പ്രചരിപ്പിക്കുന്നത് ആര്‍കു തന്നയും മാന്യതയല്ല. 

ഇമാം ഖുമെെനിയുടെ പ്രസ്താവനക്ക് അദ്ധേഹം ഉദ്ധേശിക്കാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി പ്രചരിപ്പിക്കുന്നവര്‍ ഷിയാക്കള്‍കും സുന്നികള്‍കും ഇടയില്‍ വിദ്ധ്വേഷത്തിന്‍റെ കാറ്റ് വിതക്കുന്നവരാണ്.  


Comments

Popular posts from this blog

തശയ്യഉും ഷിയാക്കളും

കര്‍ബല വിസ്മരിക്കേണ്ടുന്ന കഥനമോ ??